ഐ ടി സംബന്ധമായ അറിവുകള്‍ പങ്കുവെയ്ക്കാനൊരിടം...കൂടുതല്‍ ഐ ടി സംബന്ധമായ പോസ്റ്റുകള്‍ Tips & Tricks പേജില്‍...

Friday, June 11, 2021

ഓണ്‍ലൈനായി ചിത്രത്തിലെ ബാഗ്രൗണ്ട് നീക്കം ചെയ്യാന്‍

ഓണ്‍ലൈനായി ചിത്രത്തിലെ ബാഗ്രൗണ്ട് നീക്കം ചെയ്യാന്‍

    ഇമേജ് എഡിറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പല ആവശ്യങ്ങൾക്കായി ചിത്രങ്ങളുടെ ബാഗ്രൗണ്ട് നീക്കം ചെയ്യേണ്ടതായി വന്നേക്കാം. ഇതിനായി നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ്, ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകളാണ്. ഇപ്രകാരം ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റുമ്പോൾ പലപ്പോഴും കൃത്യത കുറവ് ഉണ്ടായേക്കാം. കൂടാതെ ഈ സോഫ്റ്റ്‌വെയറുകളിലെ ടൂളുകൾ ഉപയോഗിക്കുന്നതിന് നല്ല പരിശീലനവും ആവശ്യമാണ്. Pen tool / Path tool മുതലായവ ഉപയോഗിച്ച് കട്ട് ചെയ്യുമ്പോള്‍ അരികുകള്‍ കൃത്യമാവണമെന്നുമില്ല. പ്രത്യേകിച്ചും തലഭാഗം തലമുടി ഉള്‍പ്പെടെ മാര്‍ക്ക് ചെയ്യുമ്പോള്‍. എന്നാൽ വലിയ സോഫ്റ്റ് വെയർ പരിശീലനം ഒന്നുമില്ലാതെ തന്നെ ഓൺലൈനായി ഈ പ്രവർത്തനം എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിനായി ഗൂഗിളില്‍ remove bg എന്ന് സെർച്ച് ചെയ്യുക. അപ്പോൾ ലഭിക്കുന്ന Remove Background from Image – remove.bg എന്ന സൈറ്റിൽ പ്രവേശിക്കുക. https://www.remove.bg/ അവിടെ Upload Image എന്ന ബട്ടൺ വഴി നമുക്കാവശ്യമായ ചിത്രം ഉൾപ്പെടുത്താം. ചിത്രം അപ‍ലോഡ് ആയതിനുശേഷം ബാഗ്രൗണ്ട് നീക്കംചെയ്ത ഇമേജ് അവിടെ കാണാവുന്നതാണ്. Original / Removed Background എന്നീ ടാബുകളില്‍ നിന്ന് ഒറിജിനല്‍ ചിത്രവും ബാഗ്രൗണ്ട് ഇല്ലാത്ത ചിത്രവും നിരീക്ഷിക്കാവുന്നതാണ്. ഇത് Download ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.  

    പശ്ചാത്തലം ഇല്ലാത്ത ഈ ചിത്രത്തിന് വേണമെങ്കിൽ പുതിയ പശ്ചാത്തലമോ, നിറമോ നല്‍കാവുന്നതാണ്. അതിന് പല സോഫ്റ്റ‍്‍വെയറുകൾ ഉപയോഗിക്കാം. ജിമ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഒരു പശ്ചാത്തല നിറം നൽകുന്നതെന്ന് നോക്കാം. അതിനായി ചിത്രത്തെ റൈറ്റ് ക്ലിക്ക് ചെയ്ത് Open With Gimp Image Editor ക്രമത്തില്‍ ചിത്രത്തെ ജിമ്പില്‍ തുറക്കുക. ഇപ്പോൾ ആ ചിത്രം ജിമ്പിൽ തുറന്നു വരുന്നത് കാണാം. ഈ ചിത്രത്തിന് പശ്ചാത്തലനിറം ഇല്ലായിരിക്കും. പശ്ചാത്തലനിറം ഉള്‍പ്പെടുത്തുന്നതിനായി പുതിയൊരു ലയർ ആഡ് ചെയ്യുക. മെനു ബാറില്‍നിന്നും Layer --‍‍> New Layer ക്രമത്തിൽ പുതിയ ലയർ ഉൾപ്പെടുത്താം. പുതുതായി നിർമ്മിക്കപ്പെട്ട ലെയര്‍ ചിത്രത്തിന്റെ മുകളിലാണ് വരുന്നത്. ലയര്‍ ബോക്സില്‍ നിന്നും അതിനെ ഡ്രാഗ് ചെയ്ത് ചിത്രത്തിന്റെ താഴെയായി ക്രമീകരിക്കുക. അതല്ലെങ്കിൽ ലയർ പാലറ്റിൽ ലയറുകൾ ക്രമീകരിക്കാനുള്ള ഐക്കണിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടും പുറകോട്ടും ലയറുകളെ മാറ്റാവുന്നതാണ്. പശ്ചാത്തലമായി വന്ന ലയർ ഏറ്റവും താഴെ ആകുവാൻ വേണ്ടിയാണ് ഈ പ്രവർത്തനം ചെയ്തത്. ഇനി പശ്ചാത്തലമായി ആവശ്യമുള്ള നിറം നല്‍കാം. ജിമ്പ്  Tool Box ലെ Foreground & background കളറില്‍ ആവശ്യമായ കളർ ക്രമീകരിച്ചതിനുശേഷം ഫോർഗ്രൗണ്ട് കളർ ബട്ടണിൽക്ലിക്ക് ചെയ്ത് ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. അപ്പോൾ ചിത്രത്തിനു പുറകിലായി ആ ബാഗ്രൗണ്ട് വരുന്നത് കാണാം. വേണമെങ്കിൽ gradient ആയും പശ്ചാത്തലം ക്രമീകരിക്കാം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം File --> Export As വഴി ചിത്രത്തെ png/jpg ആയി export ചെയ്തെടുക്കാം.

    ഓണ്‍ലൈന്‍ പഠനത്തിന്റെ ഈ കാലഘട്ടത്തില്‍  പോസ്റ്ററുകളും വര്‍ക്ക്ഷീറ്റുകളുമൊക്കെ നിര്‍മ്മിക്കുമ്പോള്‍ ഇത് ആവശ്യമായി വന്നേക്കാം.  അതല്ലെങ്കില്‍ നമ്മുടെതന്നെ ഒരു ഫോട്ടോയുടെ ബാഗ്രൗണ്ട് മാറ്റി പരീക്ഷിക്കുന്നതും ഒരു കൗതുകമല്ലേ !!!!

 

No comments:

Post a Comment